Sunday 9 October 2011

മലര്‍വാടി ‘മെഗാ ക്വിസി’ന് നവംബര്‍ 15ന് തുടക്കം


മലര്‍വാടി ബാലസംഘം അതിന്‍െറ പ്രവര്‍ത്തന ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു ചുവടുവെപ്പിലൂടെ ജി.സി.സി മെഗാ ക്വിസിന് തുടക്കം കുറിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ 50000ത്തില്‍ പരം കുട്ടികളെ പങ്കെടുപ്പിച്ച്് ഒരുക്കുന്ന ക്വിസ് മല്‍സരത്തിന് നവംബര്‍ 15ന് തുടക്കം കുറിക്കുമെന്ന് മലര്‍വാടി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വീടിന്‍െറയും വിദ്യാലയത്തിന്‍െറയും പരിസരത്തുനിന്ന് കുട്ടികള്‍ക്ക് ലഭിക്കുന്ന അറിവുകള്‍ക്കപ്പുറം പ്രകൃതി, മനുഷ്യന്‍, സമൂഹം എന്ന വിശാല ബോധത്തിലേക്ക് കുട്ടികളെ നയിക്കുക എന്ന ലക്ഷ്യവുമായി ‘പാഠങ്ങള്‍ക്കപ്പുറം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മെഗാ ക്വിസ് ഒരുക്കുന്നത്. ജിസിസിയിലെ ആറ് രാജ്യങ്ങളില്‍ നിന്നായികിഡ്സ്,സബ് ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി പങ്കെടുക്കുന്ന കുട്ടികളില്‍ വിജയികള്‍ക്കായി 15 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് മല്‍സരം നടക്കുക. നവംബര്‍ 15മുതല്‍ 30വരെയുള്ള കാലയളവില്‍ നടക്കുന്ന ഒന്നാം ഘട്ടത്തില്‍ www.malarvadionline.com എന്ന വെബ്സൈറ്റ് വഴിയാണ് പങ്കെടുക്കേണ്ടത്. എന്‍ട്രിലെവല്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഡിസംബര്‍ ഒമ്പതിന് നടക്കുന്ന നേരിട്ടുള്ള പരീക്ഷയില്‍ പങ്കെടുക്കാം. ഇതിനായി നിശ്ചിത എണ്ണം കുട്ടികളെ ഉല്‍പ്പെടുത്തി വിവിധ പരീക്ഷാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. ഡിസംബര്‍ 23നാണ് മെഗാ ഫൈനല്‍. ഇതില്‍ വിജയം വരിക്കുന്ന ടീമുകള്‍ക്ക് മാത്രം 6.75 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുക. മേഖലാ തലത്തില്‍ വിജയിക്കുന്ന മൂന്നുപേര്‍ക്ക് യഥാക്രമം 1000, 750, 500 റിയാലിന്‍െറ ക്യാഷ് പ്രൈസും നല്‍കും. ക്വിസ് മല്‍സരങ്ങളുടെ കുലപതി ജി.എസ് പ്രദീപാണ് മല്‍സരം നയിക്കുക. പരമ്പരാഗത പഠനരീതികളില്‍ നിന്ന് മാറി കുട്ടികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ പരിശോധിക്കുന്ന ചോദ്യങ്ങളായിരിക്കും ക്വിസ്സില്‍ ഉള്‍പ്പെടുത്തുക. മെഗാ ക്വിസിന്‍െറ പ്രചാരണത്തിനായി ഈ മാസം 25 മുതല്‍ നവംബര്‍ 25 വരെ ജി.സി.സി യിലുടനീളം കാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. ഗള്‍ഫിലുടനീളമുള്ള മലയാളി കുട്ടികള്‍ക്ക് വിജ്ഞാനത്തിന്‍െറയും വിസ്മയത്തിന്‍െറയും മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന അപൂര്‍വ അനുഭമായിരിക്കും ഈ പരിപാടിയെന്ന് പ്രോഗ്രാം കോഓഡിനേറ്റര്‍ അക്ബര്‍ വാണിയമ്പലം പറഞ്ഞു. ജീവിതത്തില്‍ അനുഭവ പാഠങ്ങള്‍ നഷ്ടമാകുന്ന പ്രവാസി കുട്ടികള്‍ക്ക് മൂല്യങ്ങളുടെ തിരിച്ചറിവുകള്‍ സമ്മാനിക്കുകയാണ് മലവര്‍വാടി ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മെഗാ ക്വിസ് മുഖ്യ രക്ഷാധികാരി കെ.എം ബഷീര്‍ പറഞ്ഞു.
ദമ്മാം റോസ് റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മെഗാക്വിസ് ലീഗള്‍ ആന്‍റ് കോണ്‍ടസ്റ്റ് ഇന്‍ ചാര്‍ജ് എ.കെ അസീസ്, മലര്‍വാടി ഏരിയ കോഓര്‍ഡിനേറ്റര്‍ ഐമന്‍ ഹാദി, ഷബീര്‍ ചാത്തമംഗലം, മലര്‍വാടി ദമ്മാം സോണല്‍ കോഓര്‍ഡിനേറ്റര്‍ ജോഷി ബാഷ, ശുഹൈബ് ഷാജി എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment